Tuesday, February 18, 2014

സിനിമ അവാര്‍ഡിന് പൊരിഞ്ഞ പോരാട്ടം

Malayalam Film News: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് 85 സിനിമകള്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ കടുത്ത മത്സരമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. സിനിമകളുടെ എണ്ണം കൂടുതലായതിനാല്‍ അവ വിലയിരുത്താന്‍ രണ്ടു തലത്തിലുള്ള ജൂറിയെ  നിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.  ആദ്യമായാണ് ഇത്തരമൊരു അവാര്‍ഡ് നിര്‍ണയ രീതി പരീക്ഷിക്കുന്നത്.

മത്സരിക്കുന്ന സിനിമകളുടെ എണ്ണക്കൂടുതല്‍ മൂലം ഏതൊക്കെ സിനിമകള്‍ അവസാന റൗണ്ടില്‍ എത്തുമെന്ന് പ്രവചിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്.  ലാല്‍ ജോസിന്‍റെ മൂന്നു സിനിമകള്‍ അവാര്‍ഡിനു മത്സരിക്കുന്പോള്‍ ജിത്തു ജോസഫ്, ശ്യാമപ്രസാദ് എന്നിവരുടെ രണ്ടു ചിത്രങ്ങള്‍ വീതമാണ് മത്സരിക്കുന്നത്.  സൂപ്പര്‍ ഹിറ്റുകളായ  ദൃശ്യം, മെമ്മറീസ് എന്നിവയാണ് ജിത്തു ജോസഫിന്‍റെ ചിത്രങ്ങള്‍.വിഖ്യാത സംവിധായകന്‍ ഷാജി എന്‍.കരുണിന്‍റെ സ്വപാനം അവാര്‍ഡിന് മത്സരിക്കുന്ന ചിത്രങ്ങളില്‍ ഏറെ ശ്രദ്ധേയമാണ്.  ഈ സിനിമയും കമലിന്‍റെ നടന്‍ എന്ന ചിത്രവും ജയറാമിന് വലിയ പ്രതീക്ഷ നല്‍കുന്നു.

ഗോവ ചലച്ചിത്ര മേളയില്‍ ശ്രദ്ധ നേടിയ കന്യക ടാക്കീസും ഡോ.ബിജുവിന്‍റെ പേരറിയാത്തവരും മത്സരത്തിനുണ്ട്.  പതിവു പോലെ സന്തോഷ് പണ്ഡിറ്റിന്‍റെ സിനിമയും അവാര്‍ഡിന് ലഭിച്ചിട്ടുണ്ട്.

തിയറ്ററിലെത്തുക പോലും ചെയ്‌യാത്ത പല സിനിമകളും അവാര്‍ഡ് മോഹിച്ച് രംഗത്തുണ്ട്. 85 സിനിമകളില്‍ ഭൂരിപക്ഷവും സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖങ്ങളാണ്.ഇതില്‍ പല സിനിമകളെക്കുറിച്ചും സംവിധായകരെക്കുറിച്ചും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കു പോലും കേട്ടു കേള്‍വിയില്ല.

മത്സര രംഗത്തുള്ള സിനിമകള്‍: സ്വപാനം(ഷാജി എന്‍.കരുണ്‍)ഒരു ഇന്ത്യന്‍ പ്രണയ കഥ(സത്യന്‍ അന്തിക്കാട്)ദൃശ്യം(ജിത്തു ജോസഫ്)ആമേന്‍(ലിജോ ജോസ് പല്ലിശേരി)കന്യക ടാക്കീസ്(കെ.ആര്‍.മനോജ്)ഇടുക്കി ഗോള്‍ഡ്(ആഷിക്ക് അബു)ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്(അരുണ്‍കുമാര്‍ അരവിന്ദ്) കളിമണ്ണ്(ബെ്ളസി)പുണ്യാളന്‍ അഗര്‍ബത്തീസ്(രഞ്ജിത്ത് ശങ്കര്‍)പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും(ലാല്‍ ജോസ്) ഏഴു സുന്ദര രാത്രികള്‍(ലാല്‍ ജോസ്)ഇമ്മാനുവല്‍(ലാല്‍ ജോസ്)തിര(വിനീത് ശ്രീനിവാസന്‍)ശൃംഗാര വേലന്‍(ജോസ് തോമസ്)ഇംഗ്ലീഷ്(ശ്യാമപ്രസാദ്)ആര്‍ട്ടിസ്റ്റ്(ശ്യാമപ്രസാദ്)കടല്‍ കടന്നൊരു മാത്തുക്കുട്ടി (രഞ്ജിത്ത്)വിശുദ്ധന്‍ (വൈശാഖ്)ലക്കി സ്റ്റാര്‍ ( ദീപു അന്തിക്കാട്)ഭാര്യ അത്ര പോരാ(അക്കു അക്ബര്‍)വെടിവഴിപാട് (ശംഭു പുരുഷോത്തമന്‍) പേരറിയാത്തവര്‍( ഡോ.ബിജു)അഞ്ചു സുന്ദരികള്‍(5 സംവിധായകര്‍)ആറു സുന്ദരികളുടെ കഥ(രാജേഷ് കെ.ഏബ്രഹാം)മെമ്മറീസ്(ജിത്തു ജോസഫ്)ബാല്യകാല സഖി(പ്രമോദ് പയ്‌യന്നൂര്‍)പട്ടം പോലെ(അഴകപ്പന്‍)നത്തോലി ഒരു ചെറിയ മീനല്ല(വി.കെ.പ്രകാശ്)വസന്തത്തിന്‍റെ കനല്‍വഴികള്‍ (അനില്‍ വി.നാഗേന്ദ്രന്‍).

ക്രൈംനന്പര്‍ 89 (സുദേവന്‍) മുംബൈ പോലിസ്(റോഷന്‍ ആന്‍ഡ്രൂസ്)ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്(മാര്‍ത്താണ്ഡന്‍)നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി( സമീര്‍ സി.താഹിര്‍)റെഡ് വൈന്‍(സലാം ബാപ്പു)ഹണി ബീ( ജീന്‍ പോള്‍ ലാല്‍)നോര്‍ത്ത് 24 കാതം(അനില്‍ രാധാകൃഷ്ണന്‍)ഫിലിപ്സ് ആന്‍ഡ് മങ്കിപെന്‍(റോജിന്‍ തോമസ്) നടന്‍(കമല്‍) ഏഴാമത്തെ വരവ്(ഹരിഹരന്‍)സഹീര്‍(സിദ്ധാര്‍ഥ് ശിവ) അപ്പ് ആന്‍ഡ് ഡൗണ്‍-മുകളിലൊരാളുണ്ട്(ടി.കെ.രാജീവ്കുമാര്‍)കുഞ്ഞനന്തന്‍റെ കട(സലീം അഹമ്മദ്) ബ്ളാക്ക് ബട്ടര്‍ഫ്‌ളൈ(എം.രഞ്ജിത്ത്)ക്യാമല്‍ സഫാരി(ജയരാജ്)ഗോഡ് ഫോര്‍ സെയില്‍(ബാബു ജനാര്‍ദനന്‍)ഒറീസ(എം.പത്മകുമാര്‍)ബ്രേക്കിങ് ന്യൂസ് ലൈവ്(സുധീര്‍ അന്പലപ്പാട്ട്)പകിട(സുനില്‍ കാര്യാട്ടുകര)മൂന്നാം നാള്‍ ഞായറാഴ്ച്ച(ടി.എ.റസാക്ക്)ഓഗസ്റ്റ് ക്ലബ് സിന്‍സ് 1969(കെ.ബി.വേണു)കഥവീട്(സോഹന്‍ലാല്‍)സക്കറിയായുടെ ഗര്‍ഭിണികള്‍(അനീഷ് അന്‍വര്‍)ക്രോക്കഡൈല്‍ ലവ് സ്‌റ്റോറി(അനൂപ് രമേശ്)തോംസണ്‍ വില്ല(എബിന്‍ ജേക്കബ്)വീപ്പിങ് ബോയ്(ഫെലിക്സ് ജോസഫ്)റേഡിയോ ജോക്കി(രാജസേനന്‍)അയാള്‍(സുരേഷ് ഉണ്ണിത്താന്‍)അന്ഥേരി(ബിജു ഭാസ്ക്കരന്‍ നായര്‍)നയന(കെ.എന്‍.ശശിധരന്‍)അസ്തമയം വരെ(സജിന്‍ ബാബു)നീഹാരിക(ഷാജി വൈക്കം)പെണങ്ങുണ്ണി(മനോജ് ചന്ദ്രശേഖരന്‍).

സിനിമ അറ്റ് പി ഡബ്ളി യുഡി റസ്റ്റ് ഹൗസ് (വി.വി.സന്തോഷ്) ഒളിപ്പോര്(എ.വി.ശശിധരന്‍)മഞ്ഞ (ബിജോയ് ഉറുമീസ്)ടീന്‍സ്(ഷംസുദ്ദീന്‍ ജഹാംഗീര്‍)പാട്ടു പുസ്തകം( പ്രകാശ് കോളേരി)അതാരായിരുന്നു(കെ.പി.ഖാലിദ്)അവര്‍ ഇരുവരും(മജീദ് അബു)കുലംകുത്തികള്‍(ഷിബു ചെല്ലമംഗലം)പകരം(ശ്രീവല്ലഭന്‍)പറയാന്‍ ബാക്കി വച്ചത്(കരീം)കുന്താപുര(ജോ ഇശ്വര്)ഗോ ഡു ഗു(സാജന്‍ കുര്യന്‍)ഡാന്‍സിങ് ഡത്ത്(സാജന്‍ കുര്യന്‍)പിയാനിസ്റ്റ്(ഹൈദരാലി)പ്രോഗ്രസ് റിപ്പോര്‍ട്ട്(സാജന്‍)സെപ്റ്റംബര്‍ 10, 1943(കെ.വി.മുഹമ്മദ് റാഫി)ചൂയിങ് ഗം(പ്രവീണ്‍ എം.സുകുമാരന്‍)നിലാവൊരുങ്ങുന്പോള്‍(സിദ്ദിഖ് പരവൂര്‍)അവിചാരിത(ഷാനവാസ്)കളര്‍ ബലൂണ്‍(സുഭാഷ് തിരുമല)യൂ കാന്‍ ഡു(നന്ദന്‍ കാവില്‍)ഫ്ളാറ്റ് നന്പര്‍ 48(കൃഷ്ണജിത്ത് വിജയന്‍)മിനിമോളുടെ അച്ഛന്‍(സന്തോഷ് പണ്ഡിറ്റ്).

കഴിഞ്ഞ വര്‍ഷം മലയാള സിനിമയില്‍ ഉണ്ടായ ന്യൂജനറേഷന്‍ സിനിമകളുടെ തള്ളിക്കയറ്റം ഈ പട്ടികയില്‍ പ്രതിഫലിക്കുന്നുണ്ട്. സിനിമ വെളിച്ചം കണ്ടിലെ്ലങ്കിലും അവാര്‍ഡിനെങ്കിലും മത്സരിക്കട്ടെയെന്നു കരുതി അയച്ചവരും ഉണ്ട്.ഭാരതി രാജയെപ്പോലുള്ള പ്രമുഖരെ ജൂറി അധ്യക്ഷ സ്ഥാനത്തേക്കു കൊണ്ടു വരണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും 85 സിനിമകള്‍ പൂര്‍ണമായി കണ്ട് വിലയിരുത്താന്‍ വേണ്ടി വരുന്ന സമയവും ബുദ്ധിമുട്ടും  മനസിലാക്കുന്പോള്‍ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരെല്ലാം പിന്മാറുകയാണ്.സിനിമ കണ്ടു തീര്‍ക്കാനുള്ള  ബുദ്ധിമുട്ടിനു പുറമേ അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം വെറുതെ ആക്ഷേപം കേള്‍ക്കെണ്ടി വരുമെന്ന ആശങ്കയും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുണ്ട്.ഇതു മൂലം അവാര്‍ഡ് കമ്മിറ്റിയില്‍ അംഗമാകാന്‍ ആളിനെ സംഘടിപ്പിക്കുകയാണ് ചലച്ചിത്ര അക്കാദമി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ഈ സാഹചര്യത്തിലാണ്   കേന്ദ്ര അവാര്‍ഡിനും മറ്റും പിന്തുടരുന്ന രീതി ഈ വര്‍ഷം പരീക്ഷിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.ആദ്യ ഘട്ടമായി അഞ്ചംഗങ്ങള്‍ വീതമുള്ള രണ്ട് സമിതികള്‍, മത്സരത്തിനെത്തിയ 85 സിനിമകള്‍ രണ്ടായി വിഭജിച്ച്  കാണും.തുടര്‍ന്ന്  അവരുടെ മാര്‍ക്കും വിലയിരുത്തലും പ്രധാന ജൂറിക്കു കൈമാറും.ആദ്യ സമിതികളുടെ വിലയിരുത്തല്‍ അനുസരിച്ച് 85 സിനിമകളില്‍  ഏതു വേണമെങ്കിലും കാണാന്‍ പ്രധാന ജൂറിക്ക് അധികാരമുണ്ട്.ഇത് അവാര്‍ഡ് നിര്‍ണയം കുറ്റമറ്റതും വേഗത്തിലും ആക്കുമെന്നു  പ്രതീക്ഷിക്കുന്നു.

ആദ്യഘട്ടത്തില്‍ സിനിമ കാണുന്ന സമിതികള്‍ക്ക് അതില്‍ ഏതെങ്കിലും പടം ഒഴിവാക്കാനുള്ള അധികാരമില്ല.അവര്‍ എല്ലാ സിനിമകള്‍ക്കും മാര്‍ക്കിടണം.സിനിമ മോശമാണെങ്കില്‍ പോലും അതില്‍ എടുത്തു കാട്ടാവുന്ന എന്തെങ്കിലും നല്ല ഘടകങ്ങള്‍   ഉണ്ടോയെന്ന് പ്രത്യേകം രേഖപ്പെടുത്തണം.ഈ വിലയിരുത്തല്‍ സഹിതമാണ് 85 സിനിമകളും മുഖ്യ ജൂറിക്ക് കൈമാറുക.അവര്‍ക്ക് ഈ പടങ്ങളില്‍ ഏതു വേണമെങ്കിലും കാണാം.സ്വതന്ത്രമായി വിലയിരുത്താം.ഒരു അവാര്‍ഡ് കമ്മിറ്റി മാത്രം ഉണ്ടായിരുന്ന മുന്‍വര്‍ഷങ്ങളില്‍ അവര്‍ പല മോശം സിനിമകളും 15 മിനിറ്റ് കണ്ട ശേഷം നിര്‍ത്തുന്ന രീതിയുണ്ടായിരുന്നു.ഇങ്ങനെ പല സിനിമകളെയും തുടക്കത്തില്‍ തന്നെ ഒഴിവാക്കുന്നത് പുറത്താരും അറിയാറില്ല.എന്നാല്‍ പുതിയ സംവിധാനത്തില്‍ എത്ര മോശം സിനിമയായാലും ആദ്യ കമ്മിറ്റികള്‍ പൂര്‍ണമായും കാണും.അവരുടെ മാര്‍ക്കും അഭിപ്രായവും വിലയിരുത്തി മുഖ്യ ജൂറിക്ക് അടുത്ത ഘട്ടത്തില്‍ സിനിമകാണുകയോ കാണാതിരിക്കുയോ ചെയ്‌യാം.

ആദ്യ രണ്ടു ജൂറിയിലുമുള്ള ഓരോരുത്തരെ മുഖ്യ ജൂറിയിലും ഉള്‍പ്പെടുത്തിത്തണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്.ഇങ്ങനെ ചെയ്താല്‍ മുഖ്യ ജൂറിയിലെ  രണ്ടു പേര്‍ എല്ലാ സിനിമകളും കണ്ടിട്ടുള്ളവരായിരിക്കും. അവാര്‍ഡ് നിര്‍ണയ നടപടികളുടെ  തുടര്‍ച്ചയ്ക്കും ഇത് ഉപകരിക്കും.പക്ഷേ ഇത്രയേറെ സിനിമകള്‍ കാണാന്‍ സമയവും ക്ഷമയുമുള്ള രണ്ടു പേരെ കണ്ടെത്തുകയാണ് അധികൃതര്‍ നേരിടുന്ന ബുദ്ധിമുട്ട്.

അവാര്‍ഡ് നിര്‍ണയത്തിലെ പരിഷ്ക്കാരം സംബന്ധിച്ച് ചലച്ചിത്ര അക്കാദമി നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു.ഇത്രയേറെ സിനിമകള്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ പുതിയ രീതിയിലുള്ള അവാര്‍ഡ് നിര്‍ണയം കുറ്റമറ്റതായിരിക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

No comments:

Post a Comment